പാലിയേക്കര ടോൾ പ്ലാസയിൽ ‘ഫാസ്റ്റാഗ്’ കൊണ്ട് എന്താണ് ഉപകാരം?

ഫാസ്റ്റാഗ് എന്താണെന്നു ഇപ്പോൾ എല്ലാവർക്കും അറിയാമല്ലോ. രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലെയും ഒന്നൊഴികെയുള്ള ലെയ്നുകളിൽ ഇനിമുതൽ ഫാസ്റ്റാഗ് ഉപയോഗിച്ചേ കടന്നുപോകുവാൻ സാധിക്കുകയുള്ളൂ. ഈയൊരു വാർത്ത വന്നതുമുതൽ ഫാസ്റ്റാഗ് ഇതുവരെ ഉപയോഗിക്കാത്ത എല്ലാ വാഹനയുടമകളും അത് വാങ്ങുവാനുള്ള തിരക്കിലാണ്.

കേരളത്തിൽ ഞാൻ പ്രധാനമായും പോകുന്ന റൂട്ടിലെ ടോൾ പ്ലാസ പാലിയേക്കരയാണ്. ഇത്തരമൊരു നിബന്ധന വന്നതോടെ ഫാസ്റ്റാഗ് വാങ്ങുവാൻ ഞാനും നിർബന്ധിതനായി. സംഭവം കയ്യിൽക്കിട്ടിയതിനു ശേഷം ഫാസ്റ്റാഗ് ഉപയോഗിച്ച് ടോൾ കൊടുത്ത് എങ്ങനെ പോകാം എന്നറിയുവാനായി പാലിയേക്കര ടോൾ പ്ലാസ വഴി പോകുവാൻ ഞങ്ങൾ തീരുമാനിച്ചു.

ഫാസ്റ്റാഗ് ഒട്ടിച്ച കാറുമായി പാലിയേക്കര ടോൾ പ്ലാസയിൽ എത്തിയപ്പോൾ നല്ല തിരക്ക്. അവിടെ ഇപ്പോൾ എല്ലാ കൗണ്ടറുകളിലും ഫാസ്റ്റാഗ് സംവിധാനമുണ്ട്. എങ്കിലും വാഹനങ്ങളുടെ ക്യൂവിന് ഒരു കുറവുമില്ല. ഫാസ്റ്റാഗ് വാഹനങ്ങൾക്ക് എളുപ്പത്തിൽ പോകുവാനായി എക്സ്പ്രസ്സ് ലെയ്ൻ ഒക്കെയുണ്ട്. അങ്ങനെ ഞങ്ങൾ എക്സ്പ്രസ്സ് ലെയ്‌നിനു മുന്നിലെ വാഹനങ്ങളുടെ ക്യൂവിൽ ഇടംപിടിച്ചു.

ഞങ്ങളുടെ മുന്നിൽ ഒരു ബെൻസ് കാർ ആയിരുന്നു ഉണ്ടായിരുന്നത്. അവർ എക്സ്പ്രസ് ലെയ്‌നിൽ കയറി പകുതി എത്തിയപ്പോഴേക്കും ടാഗ് റീഡ് ആയില്ല എന്നു പറഞ്ഞു അടുത്ത ലെയ്‌നിലേക്ക് പോകുവാൻ അവിടെയുണ്ടായിരുന്ന ടോൾബൂത്ത് ജീവനക്കാരൻ പറയുന്നതു കണ്ടു. ഇതു കണ്ടിട്ട് ഞങ്ങളുടെ കാറിന്റെ അടുത്തുനിൽക്കുകയായിരുന്ന ഒരു ടോൾ ബൂത്ത് ജീവനക്കാരനോട് മാന്യമായി “ചേട്ടാ ഫാസ്റ്റാഗ് വർക്ക് ചെയ്യില്ലേ” എന്നു ചോദിച്ചു.

എൻ്റെ കൂടെയുണ്ടായിരുന്ന അളിയൻ്റെ കൈയിൽ ക്യാമറ കണ്ടപ്പോൾ ആ ജീവനക്കാരൻ പെട്ടെന്ന് ക്യാമറയിൽ നിന്നും ഒഴിഞ്ഞു മാറുകയും “ഇത് എടുത്തിട്ട് എന്തിനാ? കോടതിയിൽ കൊടുക്കാനാണോ? ഒരു കാര്യവുമില്ല” എന്ന് പരിഹസിക്കുകയും ചെയ്തു. സത്യത്തിൽ ഞങ്ങൾ ഫാസ്റ്റാഗിന്റെ ഉപയോഗത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ വന്നതായിരുന്നു. അതിനിടെയാണ് ക്യാമറ കണ്ടപ്പോൾ ടോൾബൂത്ത് ജീവനക്കാർക്ക് കുരുപൊട്ടിയത്. അതിൻ്റെ ഫുൾ വീഡിയോ താഴെ കൊടുക്കുന്നു.

അയാളുമായി ചെറിയ വാക്കുതർക്കത്തിനു ശേഷം ഞങ്ങൾ എക്സ്പ്രസ്സ് ലെയ്‌നിലേക്ക് കയറി. അതാ ഞങ്ങളുടെ ഫാസ്റ്റാഗും റീഡ് ആകുന്നില്ല. ഫാസ്റ്റാഗ് വാലറ്റിൽ 500 രൂപ ബാലൻസ് ഉണ്ടായിട്ടും ഇങ്ങനെ. അവിടെയുണ്ടായിരുന്ന ജീവനക്കാരൻ ഞങ്ങളോട് അടുത്ത ലെയ്‌നിലേക്ക് പോകാൻ ആജ്ഞാപിച്ചു. കാര്യം തിരക്കിയപ്പോൾ ടാഗ് റീഡ് ആകാതിരുന്നത് അവരുടെ കുഴപ്പമാണെന്നു സമ്മതിക്കുകയും ചെയ്തു.

തർക്കിച്ചിട്ട് കാര്യമില്ലെന്നു മനസ്സിലായ ഞങ്ങൾ അടുത്ത ലെയ്‌നിലേക്ക് കയറുവാൻ നിർബന്ധിതരായി. തൊട്ടടുത്ത ലെയ്‌നിലെ വാഹനങ്ങളുടെ കാരുണ്യം കൊണ്ട് ഞങ്ങൾക്ക് പെട്ടെന്ന് അവിടേക്ക് കയറുവാൻ സാധിച്ചു. കുറച്ചു സമയം ആ ലെയ്‌നിൽ കാത്തുകിടന്നതിനു ശേഷമാണ് ഞങ്ങൾക്ക് അവിടെ ഫാസ്റ്റാഗ് ഉപയോഗിച്ച് കടന്നുപോകുവാൻ സാധിച്ചത്.

ഇതെല്ലാം കഴിഞ്ഞു മറുവശത്തെത്തിയ ഞങ്ങളുടെ ചിന്ത ഇതായിരുന്നു. എന്താണ് ശരിക്കും ഫാസ്റ്റാഗ്? പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റാഗ് ഉപയോഗിക്കുന്നതു കൊണ്ട് എന്താണ് മെച്ചം? എക്സ്പ്രസ്സ് ലെയ്ൻ പണിതിട്ടിരിക്കുന്നത് എന്തിനാണ്? അവിടെ ഫാസ്റ്റാഗ് പ്രവർത്തിക്കുന്നില്ലെങ്കിൽ ‘മാനുവൽ സെൻസർ’ ഉപയോഗിച്ചു റീഡ് ചെയ്തു വണ്ടികളെ അതുവഴി തന്നെ കടത്തിവിടണം. അങ്ങനെയാണ് മറ്റെല്ലാ ടോൾ പ്ലാസകളിലും കണ്ടിട്ടുള്ളത്. ഇവിടെ മാത്രം എന്താ ഇങ്ങനെ?

സത്യം പറയാമല്ലോ ഇന്ത്യയിൽ ഏറ്റവും മോശം ജീവനക്കാരുള്ള ടോൾപ്ലാസ പാലിയേക്കരയിലേത് തന്നെയായിരിക്കും. യാതൊരു പ്രകോപനവും കൂടാതെ യാത്രക്കാരോട് അഹങ്കാരത്തോടെ മെക്കിട്ടു കയറുകയും, ഗുണ്ടായിസം കാണിക്കുകയും ചെയ്യുന്ന ഇവിടത്തെ ജീവനക്കാർ തന്നെയാണ് പാലിയേക്കര ടോൾ ബൂത്തിന് കുപ്രസിദ്ധിയുണ്ടാക്കിയതും. ഇനിയിപ്പോൾ ഫാസ്റ്റാഗ് കൂടി നിർബന്ധമാക്കുന്നതോടെ അതിൻ്റെ പേരിൽ ആയിരിക്കും അവിടെ പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുവാൻ പോകുന്നത്.

ഇതൊക്കെ ആരോട് പറയാൻ? ഇതിനെതിരെ പ്രതികരിക്കാൻ നിന്നാൽ സമയനഷ്ടം, തടികേടാകൽ, ധനനഷ്ടം എന്നിവ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന ബോധമുള്ളതിനാൽ പാവം യാത്രക്കാർ സഹിച്ചു കൊണ്ട്, മനസ്സിൽ ശപിച്ചുകൊണ്ട് കാത്തുകിടന്നു ടോൾ കൊടുത്ത് കടന്നു പോകുന്നു. അത്ര തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.